അടി തെറ്റിയോ മച്ചാ...

അടി തെറ്റിയോ മച്ചാ... 

സിനിമയില്‍ ന്യൂ ജനറേഷന്‍ ചാകര അവസാനിക്കുകയാണോ. ഒരു അന്വേഷണം
ഫേസ്ബുക്കില്‍ ഒരു വിരുതനിട്ട പോസ്റ്റ്: 'എന്തൊരു ബഹളമായിരുന്നു. നിക്കറു മാത്രമിടുന്ന നായകന്‍, വെള്ളമടിക്കാന്‍ ഷെയറിടുന്ന നായിക, ഭര്‍ത്താവറിഞ്ഞോ അറിയാതെയോ അവിഹിതത്തിനുപോകുന്ന സ്ത്രീകഥാപാത്രങ്ങള്‍, മുട്ടനാടിന്റെ താടിവെച്ച ഫ്രീക്കുകള്‍... ഒലക്കേടെ മൂട്... ഒടുവില്‍ എന്തായി... പവനായി ശവമായി... ന്യൂ ജനറേഷന്‍ സിനിമയുടെ കാറ്റും പോയി.'

ഈ പറയുന്നതില്‍ എത്രകണ്ട് ശരിയുണ്ട് ആവോ. എങ്കിലും ഒന്നുറപ്പ്, ക്യാമറ കണ്ടിട്ടുള്ളവരെല്ലാം സിനിമ പിടിക്കുന്ന ഗതികേടില്‍ നിന്ന് മലയാള സിനിമ തല്‍ക്കാലം രക്ഷപ്പെട്ടിരിക്കുന്നു. പറയുന്നത് സംവിധായകന്‍ ബ്ലസിയാകുമ്പോള്‍ അവിശ്വസിക്കേണ്ട കാര്യമില്ല. 'ടെക്‌നോളജി വികസിച്ചപ്പോള്‍ സിനിമയെടുക്കുന്നത് എളുപ്പമായി. ലാഭം കിട്ടുന്ന പണി എളുപ്പം ചെയ്യാന്‍ കഴിയും എന്നു വരുമ്പോള്‍ ആരും ഒരുകൈ നോക്കും. അങ്ങനെ കുറേ ചെറുപ്പക്കാര്‍ ഈ രംഗത്ത് പുതുതായി വന്നു. ചിലര്‍ മിടുക്കരായിരുന്നു. ചിലരാകട്ടെ സിനിമയൊരു ക്രിയേറ്റീവ് സൃഷ്ടിയാണെന്നുപോലും അറിയാത്തവര്‍. രണ്ടാമതു പറഞ്ഞ വിഭാഗത്തിനാണ് അക്കിടിപറ്റിയത്. സിനിമകള്‍ പലതും പെട്ടിയിലായി. നിര്‍മാതാക്കള്‍ പെരുവഴിയിലും'.

ഫ്രീക്കുകള്‍ എവിടെപ്പോയി

ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് മലയാള സിനിമയിലെത്തിയ വിഭാഗമാണിവര്‍. മച്ചാന്‍സ്, ഗഡ്ഡീസ്, ബഡ്ഡീസ് എന്നൊക്കെ വിളിപ്പേരുണ്ട് ഇവര്‍ക്ക്. രണ്ടു വര്‍ഷം ഇവര്‍ക്ക് ചാകരയായിരുന്നു. ഊശാന്‍ താടിയും കുറ്റിക്കാടെന്നു തോന്നിപ്പിക്കുന്ന തലമുടിയും ഉള്ള ഇവര്‍ ഓടിനടന്ന് അഭിനയിച്ച് കാശുണ്ടാക്കി. കാനന്റെ 5 ഉ യോ 7ഉ യോ ക്യാമറ കഴുത്തില്‍ തൂക്കി 'ഐ ആം എ ഡയറക്ടര്‍' എന്നു പറഞ്ഞവരെല്ലാം സംവിധായകരുമായി.

ഓള്‍ഡ് ജെനറേഷനില്‍ ഉണ്ടായിരുന്ന 'മറ' ഇവര്‍ വന്ന് എടുത്തുമാറ്റി. 'യഥാര്‍ത്ഥ ജീവിതത്തിന്റെ പച്ചയായ ആവിഷ്‌കാരം' എന്നാണ് ഈ മറനീക്കലിന് നല്‍കിയ വിശദീകരണം. പക്ഷേ യാഥാര്‍ത്ഥ്യത്തിന്റെ ഭാഷ പലപ്പോഴും വികൃതമായിരുന്നു. അധോവായു, പൃഷ്ഠം എന്നിവയ്ക്ക് കുട്ടികള്‍ പറയുന്ന നിര്‍ദോഷമായ പദപ്രയോഗങ്ങളും അമേരിക്കക്കാര്‍ ഇടക്കിടെ പറയുന്ന 'ഫക്കും' മാത്രമാണോ യാഥാര്‍ത്ഥ്യത്തിന്റെ ഭാഷ എന്നൊരു സംശയം കാണുന്ന പ്രേക്ഷകര്‍ക്കും ഉണ്ടായിരുന്നു. 2013 ല്‍ റിലീസ് ചെയ്ത 53 സിനിമകളില്‍ 'ഫക്ക്' എന്ന വാക്ക് ഒരിക്കലെങ്കിലും ഉപയോഗിച്ചിട്ടുണ്ട്.

ഇപ്പോള്‍ എല്ലാം ഒന്ന് ഒതുങ്ങിയിരിക്കുന്നു. ഫ്രീക്കുകള്‍ പലരും താടിയും മുടിയും ഒതുക്കി 'മനുഷ്യരായി'. അങ്ങനെയാവാന്‍ തയ്യാറാവാത്തവര്‍ പണിയില്ലാതെ വീട്ടിലിരിപ്പുമായി. ഇപ്പോള്‍ സെന്‍സര്‍ ബോര്‍ഡിലുള്ളവര്‍ക്കും ജോലി താരതമ്യേന കുറഞ്ഞു എന്നാണ് കേള്‍ക്കുന്നത്. അശ്ലീലപദപ്രയോഗങ്ങള്‍ വിടവാങ്ങുന്ന കാഴ്ചയാണ് കാണുന്നത്. സിനിമ മുഴുവന്‍ കണ്ട് 'ബീപ്' ശബ്ദം അടിച്ചു കൊടുക്കുന്ന വലിയൊരു തലവേദന ഒഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് സെന്‍സര്‍ ബോര്‍ഡ്.

തിയേറ്ററില്‍ എത്താനും വേണം ഭാഗ്യം

2013-ല്‍ 158 സിനിമകള്‍ റിലീസ് ചെയ്തു എന്നു പറയുന്നതിനേക്കാള്‍ തിയേറ്ററില്‍ എത്താന്‍ 158 സിനിമകള്‍ക്ക് ഭാഗ്യം ലഭിച്ചു എന്നു പറയുന്നതാകും ഉചിതമായ പ്രയോഗമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജി. സുരേഷ് കുമാര്‍ പറയുന്നു. കാരണം നിര്‍മാണം പൂര്‍ത്തിയായ സിനിമകളില്‍ മൂന്നിലൊന്നും പെട്ടിക്കകത്തു തന്നെ ഉറങ്ങുകയാണ്. അവയിലധികവും പുത്തന്‍ തലമുറ സിനിമകള്‍ ആണ്. 'ഈ സിനിമകളെ എങ്ങനെയെങ്കിലും തിയേറ്ററിലെത്തിച്ച് പാവം നിര്‍മാതാക്കളെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് അസോസിയേഷന്‍. നടന്നാല്‍ ഭാഗ്യം', സുരേഷ് കുമാര്‍ കൈമലര്‍ത്തി.

സിനിമയെടുത്ത് നശിച്ച പാവങ്ങളുടെ നാടായി കഴിഞ്ഞ രണ്ടുകൊല്ലം കേരളം മാറിയെന്നാണ് സുരേഷ് കുമാര്‍ നിരീക്ഷിക്കുന്നത്. ''ന്യൂജനറേഷന്‍ സിനിമയിലൂടെ ഒരുപാടുപേര്‍ സിനിമയിലെത്തി. അതോടെ ഗള്‍ഫില്‍ നിന്നും അമേരിക്കയില്‍ നിന്നുമൊക്കെ സിനിമാ പിടുത്തം മോഹമാക്കി നിര്‍മാതാക്കള്‍ കേരളത്തിലേക്ക് ഒഴുകി. സംഭവം ഡിജിറ്റലായതുകൊണ്ട് കുറഞ്ഞ ചെലവില്‍ സിനിമ പിടിക്കാം. സാറ്റലൈറ്റ് വിറ്റാല്‍ ലാഭം ഉറപ്പാക്കുകയും ചെയ്യാം. അങ്ങനെ ഈ രംഗത്ത് ആദ്യമെത്തിയവര്‍ ലാഭം ഉണ്ടാക്കി. അതു കണ്ടു മോഹിച്ച് പിന്നാലെ വന്നവരാണ് കുടുങ്ങിയത്''.

മുന്‍ പിന്‍ നോക്കാതെ സിനിമയിലേക്ക് എടുത്തുചാടി പുലിവാല് പിടിച്ച ഒരു ചെറുപ്പക്കാരന്റെ കഥ സുരേഷ്‌കുമാര്‍ ഓര്‍മിച്ചു. 'കാര്യമായി വരുമാനമൊന്നുമില്ലാത്തയാള്‍. അയാള്‍ക്ക് സിനിമ നിര്‍മിച്ച് സ്വയം സംവിധാനം ചെയ്യണമെന്ന് മോഹം. സിനിമയുടെ പൂജയ്ക്ക് എന്നെയും വിളിച്ചിരുന്നു. ഞാന്‍ പോയില്ല. ഒരാള്‍ അപകടത്തില്‍ ചാടുന്നതിന് ഞാനെന്തിന് സ്വിച്ച് ഓണ്‍ ചെയ്യണം. പണിപാളി. സിനിമ പെട്ടിയിലാണിപ്പോള്‍'.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കര മറ്റൊരു കഥ പറഞ്ഞു. കഴിഞ്ഞ വര്‍ഷം തിയേറ്റര്‍ കാണാന്‍ ഭാഗ്യംകിട്ടിയ ന്യൂ ജനറേഷന്‍ സിനിമകളില്‍ പലതും എത്ര ഷോ കളിച്ചു, എത്ര പൈസ സ്വരൂപിച്ചു എന്നൊക്കെ ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ? ഈ പട്ടിക നോക്കൂ. എന്‍ട്രി, നഖങ്ങള്‍, അന്നും ഇന്നും എന്നും, സൂ, കൗബോയ്, ഡേവിഡ് ആന്റ് ഗോലിയാത്ത്, ലോക്കല്‍ കോള്‍, കിളിപോയി, റോസ് ഗിറ്റാറിനാല്‍, ഡോള്‍സ്, ഗുഡ് ഐഡിയ, ആറു സുന്ദരികളുടെ കഥ, അപ് ആന്റ് ഡൗണ്‍, ജീന്‍സ്, മിസ്റ്റര്‍ ബീന്‍, പൈസപൈസ, ടൂറിസ്റ്റ്‌ഹോം, കോക്ക്‌ടെയില്‍ ലൗ സ്റ്റോറി, ബ്ലാക്ക് ടിക്കറ്റ്, അരികിലൊരാള്‍, ബ്ലാക്‌ബെറി, റേഡിയോ ജോക്കി, 3ഏ, കാമല്‍ സഫാരി, ബണ്ടിചോര്‍, ബാങ്കിള്‍സ്, കോള്‍ഡ് സ്റ്റോറേജ്, ഒരു സോപ്പെട്ടിക്കഥ, റെഡ്‌റെയിന്‍... (പട്ടിക പൂര്‍ണമല്ല. പേരുപോലും ഓര്‍മവരാത്ത സിനിമകള്‍ ഇനിയുമുണ്ട്). മേല്‍പ്പറഞ്ഞ സിനിമകളില്‍ മിക്കവയ്ക്കും തിരുവനന്തപുരത്തെ തിയേറ്ററുകളിലെ കളക്ഷന്‍ അഞ്ചക്കത്തില്‍ താഴെയായിരുന്നു.

എന്തായാലും 2014-ന്റെ തുടക്കത്തില്‍തന്നെ ന്യൂജനറേഷന്‍ തരംഗം അവസാനിക്കുന്നതിന്റെ ലക്ഷണം കണ്ടു തുടങ്ങിയിട്ടുണ്ട്. ദൃശ്യം, ഇന്ത്യന്‍ പ്രണയകഥ, പുണ്യാളന്‍ അഗര്‍ബത്തീസ്, 1983, ഓംശാന്തി ഓശാന... എന്നീ ചിത്രങ്ങളെല്ലാം ഇതിന് ഉദാഹരണമാണ്. കഴിഞ്ഞ വര്‍ഷം ഒരേസമയം 30 മലയാളസിനിമകളുടെവരെ ഷൂട്ടിങ് നടന്ന മാസങ്ങളുണ്ട്. അതിപ്പോള്‍ നാലും അഞ്ചുമൊക്കെയായി കുറഞ്ഞു. ആദ്യപരീക്ഷണം കഴിഞ്ഞ് ഒട്ടേറെ സംവിധായകരും നിര്‍മാതാക്കളും രംഗം വിട്ടുപോയി. അപ്രതീക്ഷിതമായി മാര്‍ക്കറ്റ് കൈവന്ന ചെറുകിട താരങ്ങളില്‍ പലര്‍ക്കും ഇപ്പോള്‍ പണിയില്ല എന്ന അവസ്ഥയുമുണ്ട്.

എന്നാല്‍ സിനിമകളുടെ എണ്ണം കുറയുന്നു എന്നതുകൊണ്ടുമാത്രം പരീക്ഷണ സിനിമകളുടെ കാലം അവസാനിക്കുന്നില്ല എന്നാണ് സംവിധായകന്‍ വി.കെ. പ്രകാശിന്റെ അഭിപ്രായം, ''പരീക്ഷണാടിസ്ഥാനത്തില്‍ ഒരുപാട് സിനിമകള്‍ ഉണ്ടാകുമ്പോള്‍ ചിലത് പരാജയപ്പെടാം. എന്നുകരുതി ഈ രംഗത്ത് ഇനി പരീക്ഷണങ്ങളേ പാടില്ല എന്നു പറയാന്‍ പറ്റുമോ?''

സിനിമകളുടെ എണ്ണം കുറയുന്നതിനും വ്യക്തമായ മറുപടി വി.കെ.പി.ക്കുണ്ട്. ''ചാനലുകള്‍ സാറ്റലൈറ്റ് അവകാശം എടുക്കാത്തതാണ് പ്രശ്‌നം. സ്വന്തം കൈയില്‍ നിന്നു കാശു മുടക്കാതെ സാറ്റലൈറ്റ് ഇനത്തില്‍ കിട്ടുന്ന പൈസകൊണ്ട് സിനിമ പിടിക്കുന്ന ഏര്‍പ്പാട് ചില നിര്‍മാതാക്കള്‍ക്കെങ്കിലും ഉണ്ടായിരുന്നു. ഇപ്പോള്‍ ചാനലുകള്‍ സാറ്റലൈറ്റ് എടുക്കാതായപ്പോള്‍ അത്തരം നിര്‍മാതാക്കള്‍ക്ക് നിവൃത്തിയില്ലാതായി. ഞാനിപ്പോള്‍ ചെയ്യുന്നതും പരീക്ഷണസിനിമകളാണ്. അതില്‍നിന്നൊരു മാറി നടത്തം ഒരിക്കലും ഉണ്ടാകില്ല,'' വി.കെ.പി. നയം വ്യക്തമാക്കി.

സിനിമയ്ക്ക് ന്യൂജനറേഷന്‍ എന്ന തരംതിരിവുതന്നെ അനാവശ്യമാണെന്നാണ് സത്യന്‍ അന്തിക്കാടിന്റെ വിലയിരുത്തല്‍, ''സിനിമ ന്യൂ ആയാലും ഓള്‍ഡ് ആയാലും നല്ലതാണെങ്കില്‍ പ്രേക്ഷകര്‍ സ്വീകരിക്കും.''

ന്യൂജനറേഷന്‍ സിനിമാക്കാര്‍ എന്ന് പൊതുവെ വിലയിരുത്തുന്ന പലരും അങ്ങനെയൊരു ബ്രാന്‍ഡ് നെയിം ആഗ്രഹിക്കാത്തവരാണെന്ന് അന്തിക്കാട് പറയുന്നു. രാജേഷ്പിള്ള, ആഷിഖ് അബു തുടങ്ങി ഒട്ടേറെ സംവിധായകര്‍ ഇപ്പോഴും നല്ല സിനിമയുടെ പണിപ്പുരയില്‍ സജീവമായുണ്ട്.ന്യൂജനറേഷന്‍ ആണെന്ന് പറഞ്ഞ് അശ്ലീലച്ചുവയുള്ള ഡയലോഗുകള്‍ തിരുകിക്കയറ്റി, അതാണ് ചെറുപ്പക്കാര്‍ ആഗ്രഹിക്കുന്ന സിനിമ എന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച ഒരു വിഭാഗമുണ്ടായിരുന്നു. അവര്‍ക്കാണ് കാലം തിരിച്ചടിനല്‍കിയത്- സത്യന്‍ പറയുന്നു.

ആ കൂട്ടുകെട്ട് േവര്‍പിരിേഞ്ഞാ

തിരക്കഥ അനൂപ് മേനോന്റെതാണെങ്കില്‍ നായകന്‍ ജയസൂര്യ. ഇതൊരു നാട്ടുനടപ്പുപോലെയായിരുന്നു. രണ്ടുവര്‍ഷത്തിനിടെ അഞ്ച് സിനിമകളാണ് ഈ കൂട്ടുകെട്ടില്‍ പിറന്നത്. കോക്ക്‌ടെയില്‍, ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ്, ഡേവിഡ് ആന്റ് ഗോലിയാത്ത്, ഹോട്ടല്‍ കാലിഫോര്‍ണിയ. ആദ്യ മൂന്നു സിനിമകളും സൂപ്പര്‍ഹിറ്റുകളായിരുന്നു. അവസാന രണ്ടും കൈപൊള്ളി. അതോടെ അനൂപ്- ജയസൂര്യ കൂട്ട്‌കെട്ട് തകര്‍ന്നുവെന്ന് സിനിമാലോകത്ത് വാര്‍ത്ത പരന്നു. കൂട്ടുകെട്ട് ഉപേക്ഷിച്ച് ജയസൂര്യ ചെയ്ത രണ്ടു സിനിമകളും ന്യൂജനറേഷന്‍ വിഭാഗത്തില്‍പ്പെടുന്നവ ആയിരുന്നില്ല, മങ്കിപെന്നും പുണ്യാളന്‍ അഗര്‍ബത്തീസും. രണ്ടും ഹിറ്റായി. ന്യൂജനറേഷന്‍ സിനിമകളുടെ കാലം കഴിഞ്ഞെന്ന് ജയസൂര്യ മനസ്സിലാക്കി നിലപാട് മാറ്റിയത് അദ്ദേഹത്തിന് നേട്ടമായി എന്നാണ് ഒരു സംവിധായകന്‍ ഇതിനെക്കുറിച്ച് പ്രതികരിച്ചത്. എന്നാല്‍ അങ്ങനെയൊരു നിലപാടുമാറ്റം തനിക്ക് ഉണ്ടായിട്ടില്ല എന്നാണ് ജയസൂര്യ പറയുന്നത്. ''ഞാനും അനൂപും തമ്മിലുള്ള കൂട്ടുകെട്ട് അവസാനിപ്പിച്ചിട്ടില്ല. ഒരിടവേളയാണിത്. ഒരുമിച്ച് ചെയ്യാന്‍ പറ്റുന്ന സിനിമകള്‍ വരുമ്പോള്‍ ഇനിയും ചെയ്യും. അതല്ലാതെ വെറുതെ കുറെ സിനിമകളുടെ എണ്ണം കൂട്ടിയിട്ട് കാര്യമില്ലല്ലോ,'' ജയസൂര്യ ചിരിച്ചു.

സിനിമയില്‍ ന്യൂജനറേഷന്‍ എന്നൊരു സംഗതിയേ ഇല്ലെന്ന പഴയ നിലപാടില്‍തന്നെയാണ് അനൂപ് മേനോന്‍ ഇപ്പോഴും. ''കുറെ ചെറുപ്പക്കാര്‍ സിനിമയിലേക്ക് വന്നു. അവര്‍ വ്യത്യസ്തമായ വീക്ഷണത്തിലൂടെ സിനിമയെ കാണാന്‍ ശ്രമിച്ചു. ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ്, സാള്‍ട്ട് ആന്റ് പെപ്പര്‍, അന്നയും റസ്സൂലും, അമേന്‍, 1983... ഇതൊക്കെ എത്രകാലം കഴിഞ്ഞാലും ആളുകള്‍ ഇഷ്ടപ്പെടുന്ന സിനിമകളായിരിക്കും. അതല്ലാതെ ന്യൂജനറേഷന്റെ കാലം കഴിഞ്ഞു എന്നു പറയുന്നതില്‍ ഒരു അര്‍ത്ഥവുമില്ല,'' അനൂപ് നിരീക്ഷിക്കുന്നു. 

നടി ലെന തികച്ചും വ്യത്യസ്തമായ ഒരു നിരീക്ഷണമാണ് ഇക്കാര്യത്തില്‍ നടത്തിയത്. മലയാളത്തില്‍ സിനിമകളുടെ എണ്ണം കുറയുന്നുണ്ടെങ്കില്‍ അത് പുതുതലമുറ സിനിമകളുടെ തകര്‍ച്ചയായല്ല നേട്ടമായാണ് കാണേണ്ടത് എന്നാണ് ലെനയുടെ പക്ഷം. ''രണ്ടു വര്‍ഷം മുന്‍പ് സിനിമയില്‍ സംഭവിച്ച മാറ്റം ഒന്നുകൂടി രൂപംമാറി വീണ്ടും പുതിയതാവുകയാണ് ചെയ്യുന്നത്. ന്യൂജനറേഷന്‍ സിനിമകള്‍ക്കു മേല്‍ ആരോപിക്കപ്പെട്ടിരുന്ന എല്ലാ പോരായ്മകള്‍ക്കും പരിഹാരം കണ്ടുകൊണ്ടുള്ള ന്യൂവര്‍ ജനറേഷന്‍ സിനിമകളുടെ കാലമാണിത്. അതുകൊണ്ട് എണ്ണം കുറയുമെങ്കിലും ക്വാളിറ്റി കൂടിയ സിനിമകളാണ് ഇനി വരാനിരിക്കുന്നത് എന്നുവേണം മനസ്സിലാക്കാന്‍.''

അമ്മമാര്‍ തിരിച്ചുവരുന്നു

കവിയൂര്‍ പൊന്നമ്മ, കെ.പി.എ.സി. ലളിത തുടങ്ങിയ 'അമ്മമാര്‍' വീണ്ടും മേക്കപ്പിടാന്‍ തുടങ്ങിയിരിക്കുന്നു എന്നാണ് പുതിയ വാര്‍ത്ത. രണ്ടു മൂന്നു വര്‍ഷമായി ഇവര്‍ അപ്രഖ്യാപിത 'ഭ്രഷ്ട്' നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. ഭ്രഷ്ട് സിനിമാക്കാര്‍ മനഃപൂര്‍വം ഉണ്ടാക്കിയതല്ല. ന്യൂജനറേഷന്‍ സിനിമകളില്‍ അമ്മനടിമാര്‍ 'ഔട്ട് ഓഫ് ഫാഷന്‍' ആയിരുന്നുവെന്നാണ് സത്യം.

എന്നാല്‍ നടിമാര്‍ക്ക് നായകനോളം സ്ഥാനം സിനിമയില്‍ കൊണ്ടുവന്നതിന്റെ ക്രെഡിറ്റ് ന്യൂജനറേഷന്‍ സിനിമകള്‍ക്ക് അവകാശപ്പെട്ടതാണെന്ന് നടി ലെന പറയുന്നു. ''പൂര്‍ണമായും നായകനെ ചുറ്റിപ്പറ്റിയുള്ള സിനിമകളായിരുന്നു അഞ്ച് വര്‍ഷം മുന്‍പുവരെ ഉണ്ടായിക്കൊണ്ടിരുന്നത്. ഇന്നിപ്പോള്‍ സ്‌ക്രിപ്റ്റാണ് പ്രധാനം. അതോടൊപ്പം നടനും നടിക്കും തുല്യപ്രാധാന്യം കൈവരുകയും ചെയ്തു. പുതിയകാല സിനിമകളെ കുറ്റം പറയുന്നവര്‍ ഇതൊന്നും മറക്കരുത്''.

പുത്തന്‍തലമുറ സിനിമകള്‍ക്ക് എന്തുതന്നെ കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിലും ഇത് സിനിമാമേഖലയില്‍ ഉണ്ടാക്കിയ ചലനം വളരെ വലുതാണ്. സൂപ്പര്‍ താരങ്ങളുടെ പിടിയില്‍ നിന്ന് സിനിമയെ മോചിപ്പിക്കുകയും സാധാരണക്കാരായ നൂറു കണക്കിന് കലാകാരന്മാരെ സംവിധായകരും നടീനടന്മാരും തിരക്കഥാകൃത്തുക്കളുമായി മാറ്റുകയും ചെയ്തതില്‍ ഇത്തരം സിനിമകള്‍ വഹിച്ച പങ്ക് നിസ്തുലമാണ്. കുറവുകള്‍ പരിഹരിച്ചുകൊണ്ടുളള പുതുതലമുറ സിനിമകള്‍ക്ക് എക്കാലവും പ്രേക്ഷകരുണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
Previous
Next Post »
Thanks for your comment